Stories of Kerala Temple
കൈക്കോളൻ തെയ്യം.
വടക്കേ മലബാറിലെ തെയ്യങ്ങളിൽ പ്രധാനപ്പെട്ട 'തെക്കൻ കരിയാത്തൻ' (തെക്കൻ ചാത്തു) തെയ്യത്തോടൊപ്പം എപ്പോഴും കൂട്ടായി വരുന്ന വളരെ രസകരമായ ഒരു കുട്ടിത്തെയ്യമാണ് കൈക്കോളൻ തെയ്യം. മറ്റ് വലിയ തെയ്യങ്ങളെപ്പോലെ ഭയപ്പെടുത്തുന്ന രൂപമോ ഭാവമോ അല്ല, മറിച്ച് തികച്ചും കളിയും ചിരിയും നിറഞ്ഞതാണ് ഈ തെയ്യം.
കൈക്കോളൻ തെയ്യം.
തെക്കൻ കരിയാത്തൻ തെയ്യത്തോടൊപ്പം കെട്ടിയാടപ്പെടുന്ന തെയ്യം.
പുരാവൃത്തം
വലിയ പ്രതാപികളായ പാലാർ വീട്ടിൽ പടനായരും പാലക്കുന്നത്ത് കേളേന്ദ്രനായരും ഒന്നിച്ച് മലകളിൽ നായാടാനും കടൽ ഇളക്കി മീൻ പിടിക്കാനും പുറപ്പെട്ട കഥയാണ് ഇതുമായി ബന്ധപ്പെട്ടുള്ളത്.
നായാട്ടിൽ ഇവർക്ക് കാര്യമായി ഒന്നും ലഭിച്ചില്ല.
അവസാനം ക്ഷീണിച്ച് വെള്ളം കുടിക്കാനായി കരിങ്കുലക്കണ്ടത്തക്കമ്മയുടെ വീട്ടിലെത്തി.
അവരെ വീട്ടുകാരിയായ കരിങ്കുലക്കണ്ടത്തക്കമ്മ ഭക്ഷണം കഴിക്കാൻ നിർബന്ധിച്ചു.
ഇരുവരും തേച്ചുകുളിക്കാൻ എണ്ണയുമായി കുരിഞ്ചിലാടൻ കൽചിറയിലെത്തി.
അപ്പോൾ അവർ ചിറയിൽ അത്ഭുത രൂപത്തിലുള്ള മീനുകളെ കണ്ടു.
എത്രയോ നേരം മീൻപിടിക്കാൻ കടലിൽ ശ്രമിച്ചിട്ടും ലഭിക്കാത്തതിന്റെ പരിഭവം മാറാൻ അവയെ പിടികൂടാൻ അവർ തീരുമാനിച്ചു.
പിടികൊടുക്കാതെ മീനുകൾ നീന്തിക്കളിച്ചു നീങ്ങി.
നിരാശരായ അവർ കരിങ്കുലക്കണ്ടത്തക്കമ്മയുടെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ വീട്ടി ലെ കിണറിലും അവയെ കണ്ടു.
മീനിനെ തന്ത്രത്തിൽ പിടികൂടാനയി ഇരയായി കദളിപ്പഴം വെള്ളിപ്പാളയിലിട്ട് താഴ്ത്തി.
അപ്പോൾ ആ മീനുകൾ വളരെ ചെറിയ രൂപത്തിലേക്ക് മാറി പാളയിൽ തുള്ളിക്കയറി.
അവയെ പിടികൂടി പാലാർ വീട്ടിൽ പടനായരും പാലക്കുന്നത്ത് കേളേന്ദ്രനായരും മീനുകളെ ഊണിനായി കറിവെച്ചുതരാനായി കരിങ്കുലക്കണ്ടത്തക്കമ്മയെ ഏൽപ്പിച്ചു.
മീനുകളെ മുറിച്ച് കറിവെക്കാൻ നോക്കിയപ്പോൾ കരിങ്കുലക്കണ്ടത്തക്കയ്മ്മക്ക് ആ മീനുകൾ സാധാരണ മീനുകൾ അല്ല എന്ന് മനസ്സിലായി.
ആ മീനുകളെ അരിഞ്ഞു നുറുക്കിയപ്പോൾ അവയുടെ മായാരൂപം വ്യക്തമാവുകയും അറിയാതെ ചെയ്ത തെറ്റിന് അവരോട് മാപ്പിരക്കുകയും ചെയ്തു.
ചെയ്ത തെറ്റിന് പ്രായശ്ചിത്തം ചെയ്യാമെന്ന് പാലാർ വീട്ടിൽ പടനായരും പാലക്കുന്നത്ത് കേളേന്ദ്രനായരും പ്രാർത്ഥിച്ചു.
അന്നു തൊട്ടേഴാം ദിവസം മതിലകത്തെ കരിങ്കൽ പടിക്കിരുപുറവും രണ്ട് പൊന്മക്കൾ പിറന്നുവെങ്കിൽ അവരെ വളർത്തി പയറ്റു വിദ്യ പഠിപ്പിക്കുമെന്നും അവരോളം വണ്ണത്തിൽ പൊൻ രൂപമുണ്ടാക്കി ആദി കുഞ്ഞിമംഗലത്ത് കോട്ടയിൽ "കൊണ്ടൊപ്പിക്കാ"മെന്നും അവർ പറഞ്ഞു.
അതുപ്രകാരം ഏഴാംനാൾ കരിങ്കൽ പടിക്കിരുപുറവും പൊടിച്ചുണ്ടായ പൊന്മക്കളാണ് തെക്കൻ കോമപ്പനും തെക്കൻ ചാത്തുവും.
വാക്ക് നൽകിയ പ്രകാരം ആ കുട്ടികളെ രണ്ടുപേരേയും എടുത്ത് വളർത്തി അവരെ യഥാകാലം വിദ്യകളെല്ലാം പഠിപ്പിച്ചു.
ചുരിക കെട്ടി ചേകോനാകേണ്ട പ്രായമായപ്പോൾ പാണ്ടിപെരുമാളിൽ നിന്നും ചുരിക വാങ്ങി അവർ ആചാരപ്പെട്ടു.
തെക്കൻ കോമപ്പന് തെക്കൻ കരുമകൻ എന്നും തെക്കൻ ചാത്തുവിന് തെക്കൻ കരിയാത്തൻ എന്നും ആചാരപ്പേർ കിട്ടി.
ആ സഹോദരന്മാർ വലിയൊരു പന മുറിച്ച് വില്ലുകൾ ഉണ്ടാക്കി.
കരിയാത്തന്റേയും കരുമകന്റേയും ജീവിതം അത്ഭുത സംഭവങ്ങൾ നിറഞ്ഞതായിരുന്നു.
അവരുടെ ജീവിതകാലത്ത് പല വീര പ്രവർത്തികളും അവർ ചെയ്തിട്ടുണ്ട്.
ആശ്രിതരോട് വലിയ കരുണയും ബഹുമാനിക്കാത്തവരോട് കടുത്ത പ്രതികാരവും ഇരുവരും ചെയ്തു.
മദ്യം കൊടുക്കാതിരുന്ന ചന്തൻ തണ്ടാനും, തിരുനെല്ലൂർ തണ്ടാത്തിക്കും ഭ്രാന്ത് കൊടുത്തു. സൽക്കരിച്ചതിനു ശേഷമേ ഭ്രാന്ത് മാറിയുള്ളു.
വഴിക്ക് വെച്ച് തങ്ങളെ പരിഹസിച്ച ഒരു കുട്ടിയുടെ കൈ മുറിച്ച് കളയാൻ കരിയാത്തൻ മടിച്ചില്ല.
കുട്ടി കരഞ്ഞ് മാപ്പ് അപേക്ഷിച്ചതിനു ശേഷം അവന് കൈ തിരികെ ലഭിക്കുകയും അവരുടെ സേവകനായി ത്തീരുകയും ചെയ്തു.
കരിയാത്തൻ തെയ്യത്തോടൊപ്പം കെട്ടിയാടിക്കുന്ന കൈക്കോളൻ തെയ്യം ആ കൈപോയ കുട്ടിയുടെ സങ്കൽപ്പത്തിൽ ഉള്ളതാണ്.
ഈ കുട്ടിതെയ്യം കരിയാത്തനൊപ്പം കൂടെ തന്നെ നടക്കുന്നതായി തെയ്യത്തിൽ കാണാം.
ഓടിച്ച് വിടാൻ പലതവണ കരിയാത്തൻ ശ്രമിക്കുമെങ്കിലും കൈക്കോളൻ ഒഴിഞ്ഞ് പോകില്ല.
വളരെ രസകരമായ ഓടിച്ച് വിടൽ കളികൾ ഈ തെയ്യത്തിന്റെ ഭാഗമായുണ്ട്.
വലിയ മെയ്യലങ്കാരങ്ങൾ ഒന്നും ഇല്ലാത്ത കുട്ടിവേഷമാണ് കൈക്കോളന്.
ദേഹത്ത് അരിനൂറും മുഖത്ത മഞ്ഞളും പൂശിയ ചെറിയ അലങ്കാര വരകൾ മാത്രമേ ഉണ്ടാകു.
തലയിൽ കൊഴുപറ്റം എന്ന നാരുകൊണ്ടുണ്ടാക്കിയ നീണ്ട തലമുടി ഉണ്ടാകും.
കണ്ണൂർ ജില്ലയിലെ ബ്ലാത്തൂർ താഴെപ്പള്ളിയത്ത് കോട്ടം, കോഴിക്കോട് ജില്ലയിലെ തിക്കൊടി പഞ്ചായത്തിലെ പുറക്കാടിലെ അരിമ്പൂർ ശ്രീ കരിയാത്തൻ ക്ഷേത്രത്തിലും ഈ തെയ്യത്തെ തെക്കൻ കരിയാത്തൻ തെയ്യത്തോടൊപ്പം കെട്ടിയാടിക്കുന്നുണ്ട്.
ചിറക്കൽ കോവിലകം ചാമുണ്ടികൊട്ടതു പീഡവഴക്കം ച്യ്ത മുപ്പത്തയവർ തെയ്യത്തിലെ 24 മതു തെയ്യമാണ് തെക്കൻ കരിയാത്തൻ.
വഴിക്കുവെച്ചു തന്നെ പരിഹസിച്ച കുട്ടിയുടെ കൈ മുറിച്ചു കളയുകയും, പിന്നീട് ആ കുട്ടിയെ കൈക്കോളൻ തെയ്യമായ് കൂടെ കൂട്ടുകയുമാണ് ചെയ്തത്.
ഈ കുട്ടിത്തെയ്യതെ ഓടിച്ചു വിടാൻ ശ്രമിച്ചിട്ടും തന്നെ വിടാതെ കൂടെകൂടുന്നതുമൊകെ വളരെ രസകര മാണ്.
ഈ കഴിഞ്ഞ കളിയാട്ട സമയത്തു ചിറക്കൽ കോവിലകത്തു കെട്ടിയാടിയ കരിയാത്തന്റെയും കൈകൊളന്റെയും വെള്ളാട്ട സമയത്തുള്ള ഫോട്ടോയാണ് ഇവിടെ കൊടുത്ത്.
