ബപ്പിരിയൻ തെയ്യം.



Stories of Kerala Temple
ബപ്പിരിയൻ തെയ്യം.

ഉത്തരമലബാറിലെ മതസൗഹാർദ്ദത്തിന്റെ ഉജ്ജ്വലമായ നേർക്കാഴ്ചയാണ് 'ബപ്പിരിയൻ തെയ്യം.. ഹിന്ദു ക്ഷേത്രങ്ങളിലും കാവുകളിലും കെട്ടിയാടുന്ന വളരെ പ്രശസ്തമായ ഒരു 'മാപ്പിള തെയ്യമാണിത്. ബപ്പീരൻ, ബപ്പരാൻ എന്നീ പേരുകളിലും ഈ തെയ്യം അറിയപ്പെടുന്നു.


 

മലബാറിൻെറ തെയ്യം പുരാവൃത്തങ്ങളിലെ മനോഹരമായ ഒരു മാപ്പിള തെയ്യമാണ് ബപ്പിരിയൻ തെയ്യം. 

തുളുനാട്ടിൽ പേരെടുത്ത ഒരു മുസ്ലീം വ്യാപാരിയായ  ബപ്പിരിയൻ
കടലിൽ വെച്ച് ശത്രുക്കളോട് ഏറ്റുമുട്ടി വീര മരണം വരിച്ചയാളാണ്.
തെയ്യക്കോലമായി കാസർഗോഡ്, കണ്ണൂര്‍ ജില്ലകളിൽ ചില ഇടങ്ങളിൽ കെട്ടിയാടിച്ചു വരുന്നു.   
ബപ്പിരിയൻ തെയ്യാട്ടത്തിൽ ആര്യപൂങ്കന്നി, ആര്യപൂമാല, ആര്യയ്ക്കര ഭഗവതി, ആയിറ്റി ഭഗവതി, ഉചൂളിക്കടവത്ത് ഭഗവതി, ശ്രീശൂല കുമാരിയമ്മ (മരക്കലത്തമ്മ), ചുഴലി ഭഗവതി എന്നിവര്‍ ദേവിമാരും വില്ലാപുരത്ത് അസുരാളന്‍ ദൈവം, വടക്കേന്‍ കോടിവീരന്‍, പൂമാരുതന്‍, ബപ്പിരിയന്‍, എന്നിവര്‍ പുരുഷ ദേവന്മാരാണ്. 
ഭഗവതിയെ കെട്ടിയാടിക്കുന്ന സ്‌ഥലങ്ങളില്‍ മുഹമ്മദീയനായ ബപ്പിരിയനേയും കെട്ടിയാടിക്കുന്നു. 
ഉത്തരകേരളത്തിന്റെ തനതു അനുഷ്‌ഠാനമായ തെയ്യത്തിന്റെ
പുരാവൃത്തങ്ങളിൽ രേഖപ്പെടുത്തിയ ഹൈന്ദവ-ഇസ്ലാം മത സൗഹാർദ്ദത്തിൻ്റെ മകുടോദാഹരങ്ങളാണ് ആര്യപൂങ്കന്നി-ബപ്പിരിയൻ തെയ്യങ്ങൾ.

മരക്കലത്തിലേറി കോലത്തുനാട്ടിൽ വന്നണഞ്ഞ ദേവതമാരിൽ ആര്യപൂങ്കന്നിയുടെ കപ്പിത്താനായിരുന്നു ബപ്പിരിയൻ. 
മംഗല്യത്തിനു മുത്തു തേടി മരക്കലത്തിൽ യാത്ര തിരിച്ച ആര്യപൂങ്കന്നിയും സഹോദരൻമാരും കൊടുങ്കാറ്റിൽ അകപ്പെട്ട് കപ്പൽ തകർന്ന് വേർപിരിയുന്നു. 
കരയിൽ എത്തിയ ആര്യപുങ്കന്നി സഹോദരൻമാരെ തേടിപ്പോകുന്നതിനിടയിലാണ് ബപ്പിരിയനെ കണ്ടുമുട്ടുന്നത്.
ആര്യപൂങ്കന്നിയുടെ ചൈതന്യം മനസ്സിലാക്കിയ ബപ്പിരിയൻ ഭഗവതിയെ വണങ്ങി മരക്കലത്തിലേക്കുള്ള വഴിയൊരുക്കി.

തുടർന്ന് പൂങ്കന്നിയും ബപ്പിരിയനും സഹോദരന്മാരെ അന്വേഷിച്ച് യാത്ര തുടരുന്നു. 
തുടര്‍ന്നു ആര്യപൂങ്കന്നി ബപ്പിരിയനുമായി ഉത്തരമലബാര്‍ തീരത്ത് കൂരന്‍ കുന്നിലെത്തുന്നു.
അങ്ങിനെ അവിടെ തളിപ്പറമ്പ് കൈതക്കീല്‍ അമ്പലത്തില്‍ പ്രതിഷ്ഠ നേടുന്നു.

തുളുനാട്ടിൽ  ബപ്പിരിയൻ ഒരു ഭൂതമാണ്.
ബ്രാഹ്‌മണർ ഈ  ദേവതയെ ആരാധിക്കുന്നത് ശിവാംശഭൂതമായിട്ടാണ്.
വേലൻ, മുന്നൂറ്റൻ, വണ്ണാൻ, കപ്പോളൻ എന്നീ സമുദായക്കാർ ഈ ദേവതയുടെ തെയ്യം കെട്ടിയാടുന്നു.

രാമായണ സങ്കല്പം: ബപ്പിരിയൻ തെയ്യത്തിന് രാമായണവുമായി ബന്ധപ്പെട്ട മറ്റൊരു മിത്ത് കൂടിയുണ്ട്. സീതയെ അന്വേഷിച്ചു പോകുന്ന സാക്ഷാൽ ഹനുമാനായാണ് ചിലയിടങ്ങളിൽ ബപ്പിരിയനെ സങ്കൽപ്പിക്കുന്നത്. സീതയെ കാണാത്ത ദേഷ്യത്തിൽ മരങ്ങളുടെ മുകളിൽ കയറി നോക്കുകയും, മരങ്ങൾ തല്ലിയൊടിക്കുകയും ചെയ്യുന്ന ഹനുമാന്റെ സങ്കൽപ്പമാണ് ഇതിലുള്ളത്.


അണ്ടലൂർകാവിലെ  ബപ്പിരിയൻ  ഹനുമാൻ സങ്കല്പത്തിലുള്ളതാണ്.
ഈ തെയ്യതിന്റെ മുഖത്തെഴുതു വിദൂഷകഭാവം സ്ഫുരിപ്പിക്കുന്നതാണ്.




പ്രധാന സവിശേഷതകൾ

  • തെങ്ങിൽ കയറുന്ന തെയ്യം: ബപ്പിരിയൻ തെയ്യത്തിന്റെ ഏറ്റവും വലിയ സവിശേഷത അത് തെങ്ങിൽ കയറും എന്നതാണ്. രാമായണ സങ്കൽപ്പത്തിൽ സീതയെ തിരയാനായാണ് തെയ്യം തെങ്ങിൽ കയറുന്നത്. തെങ്ങിൽ കയറി ഇളനീരും തേങ്ങയും താഴേക്കിടുകയും, ചിലപ്പോൾ തെങ്ങിൻ മുകളിൽ നിന്ന് തന്നെ കാണികൾക്ക് നേരെ അനുഗ്രഹമായി എറിഞ്ഞു കൊടുക്കുകയും ചെയ്യും.

  • സംസാരവും ഹാസ്യവും: വളരെ രസകരമാണ് ബപ്പിരിയൻ തെയ്യത്തിന്റെ സംസാരം. പ്രാചീന മലയാളം കലർന്ന വാച്ചാൽ ശൈലിയിലുള്ള ഭാഷയാണ് തെയ്യം ഉപയോഗിക്കുന്നത്. കാണികളോട് തമാശ പറയുകയും, അവരുമായി സംവദിക്കുകയും ചെയ്യുന്ന ഒരു പ്രകൃതമാണ് ഈ മാപ്പിള തെയ്യത്തിനുള്ളത്.

  • വേഷവിധാനം: കഥകളിക്ക് സമാനമായ വട്ടമുടിയാണ് ഈ തെയ്യം ധരിക്കുക. കയ്യിൽ വടിയും ചിലപ്പോൾ പരിചയും ഉണ്ടാകും. വണ്ണാൻ സമുദായത്തിൽപ്പെട്ടവരാണ് ഈ തെയ്യം കെട്ടിയാടുന്നത്.



WhatsAppShare
Share
Top