ആടിവേടൻ തെയ്യം.



Stories of Kerala Temple
ആടിവേടൻ തെയ്യം.

ഉത്തരമലബാറിൽ കർക്കടക മാസത്തിലെ (രാമായണ മാസം) കോരിച്ചൊരിയുന്ന മഴക്കാലത്ത്, നാടിന്റെ ആധിയും വ്യാധിയും അകറ്റാൻ വീടുകൾ തോറും കയറിയിറങ്ങുന്ന സവിശേഷമായ കുട്ടിത്തെയ്യങ്ങളാണ് ആടിവേടൻ തെയ്യം. കാർഷിക സംസ്കാരവുമായി ഇഴചേർന്നുനിൽക്കുന്ന വളരെ വ്യത്യസ്തമായ ഒരു അനുഷ്ഠാന കലാരൂപമാണിത്.


ആടിയും വേടനും രണ്ടു വ്യത്യസ്ത രൂപങ്ങളാണ്.
ഒന്ന് പർവതിയെയും മറ്റൊന്ന് ശിവനെയും പ്രതിനിധീകരിക്കുന്നു.
വർഷകാലത്തു കുട്ടികളാണ് ഇത് രണ്ടുമായ് വേഷമണിയുന്നതും  വീടുകൾ സന്ദശിക്കുകയും ചെയ്യുന്നത്.
കാർഷികസംസ്കാരവുമായി ബന്ധപ്പെട്ട ഈ ആചാരങ്ങളും ഇന്ന് ദുർലഭമാവുകയാണ്.
കർക്കടക  (പഞ്ഞ) മാസത്തിലെ ആധിയും ദുരിതങ്ങളും മാറാനാണ് ഈ കുട്ടിത്തെയ്യങ്ങൾ വീട് തോറും കയറിഇറങ്ങന്നതെന്നാണ് വിശ്വാസം. ആദ്യം കർക്കിടകം ആറിന് ആടിയും പിന്നീട് കർക്കിടകം പതിനേഴിന് വേടനും വീട്ടിൽ വരുന്നു.
ഓരോ തെയ്യക്കാരനും  ആദ്യം കെട്ടുന്ന കോലം ഈ വീടോടിത്തെയ്യത്തിന്റേതായിരിക്കും. മാരി കോരിച്ചൊരിയുന്ന കർക്കിടക മാസത്തിലും, പൂക്കൾ ചിരിക്കുന്ന ചിങ്ങമാസത്തിലും, എട്ടും പത്തും വയസ്സ് പ്രായമുള്ള ആൺകുട്ടികളെ കുഞ്ഞിത്തെയ്യം കെട്ടിച്ചു വീടുകൾ തോറും ആടിക്കാൻ എത്തും.
കർക്കിടകത്തിന്റെ ആധിയും വ്യാധിയും അകറ്റാൻ നാട്ടിടകളും ഇടവഴികളും താണ്ടി ആ കുഞ്ഞു ദൈവങ്ങൾ എത്തുമ്പോൾ, ആ കുഞ്ഞുമനസ്സിന്റെ നിഷ്കളങ്കതക്കു മുന്നിൽ സർവ വ്യാധികളും ഇല്ലാതാവുന്നു എന്നാണ് വിശ്വാസം.
ആടി എന്ന പാർവതീസങ്കല്പത്തിലുള്ള  കർക്കിടകോത്തി തെയ്യത്തെ വണ്ണാൻ സമുദായക്കാർ അവതരിപ്പിക്കുമ്പോള്‍, അർജുനനെ പരീക്ഷിക്കാൻവന്ന കിരാതവേഷത്തിൽ  എത്തിയ പരമശിവസങ്കൽപ്പത്തിൽ ഉള്ള വേടൻ തെയ്യത്തെയും കൊണ്ട്  മലയസമുദായക്കാരും വീട് കയറും.
ഗ്രാമ്യഗൃഹങ്ങൾ ഭക്തി പുരസ്സരം  ഈ തെയ്യങ്ങളെ സ്വീകരിച്ചു കാണിക്കയർപ്പിക്കുന്നു.
മുഖത്തു ചായില്യകുറിയണിഞ്ഞു  ചുകപ്പുടുത്തു ചെറുകിരീടം അണിഞ്ഞാണ് ഈ കുട്ടിത്തെയ്യങ്ങൾ പുറപ്പെടുക.
ഓരോ വീട്ടുമുറ്റത്തും അച്ഛന്റെ ചെണ്ടയുടെ താളത്തിൽ വെള്ളോട്ടുമണി കിലുക്കിക്കൊണ്ടാണ് കുഞ്ഞിത്തെയ്യം വൃത്താകാരത്തിൽ നൃത്തമാടുക.
ഏതൊരു തെയ്യം കലാകാരനും മുഖത്തെഴുത്ത് കഴിഞ്ഞാൽ ആദ്യം അണിയുന്ന ചമയം തലപ്പാളി എന്ന വെള്ളിക്കൊലുസുള്ളആഭരണമാണ്.
ആദ്യമായി തെയ്യാട്ടരംഗത്തേക്ക് ഇറങ്ങുന്ന ഒരു തെയ്യക്കാരൻ അതീവഭക്തിയോടെ ഗുരുജനങ്ങളുടെ കൈകൊണ്ടാണ് തലപ്പാളി അണിയുക.
ഈ ആഭരണത്തിലെ 21വെള്ളി അലുക്കുകളും തെയ്യക്കാർ ജീവിതാന്ത്യം വരെ മനസ്സിൽ ആരാധിക്കുന്ന 21 ഗുരുക്കന്മാരെ മനസ്സിൽ അനുസ്മരിച്ചിട്ടുള്ളതാണ്.

 




ഐതിഹ്യം


പണ്ട് പാണ്ഡവന്മാരുടെ വനവാസക്കാലം.
അർജുനൻ തപസ്സിരിക്കുംപോൾ പരീക്ഷിക്കുവാനായ് ശിവനും പാർവതിയും വേടനും ആടിയുമായി വേഷമണിഞ്ഞു ഭൂതഗണങ്ങളുമയി വരുന്നു.
ഈ സമയത്ത് മൂകാസുരൻ ഒരു കാട്ടുപന്നിയുടെ വേഷത്തിൽ അർജുനനെ ആക്രമിക്കുന്നു.
ശിവനും അർജുനനും പന്നിയെ അമ്പെയ്യുന്നു.
ആരുടെ അമ്പു കൊണ്ടിട്ടാണ്‌ പന്നി ചത്തതെന്ന പേരിൽ ശിവനും അർജുനനും തർക്കമുണ്ടാവുകയും ഒടുവിൽ വേടനായി വന്നത് സാക്ഷാൽ ശിവനാണെന്നു അർജുനൻ മനസ്സിലാക്കുകയും, ശിവൻ പാശുപതാസ്ത്രം നൽകി അർജുനനെ അനുഗ്രഹിക്കുകയും ചെയ്യുന്നു എന്നാണ് ഐതിഹ്യം.



WhatsAppShare
Share
Top