Stories of Kerala Temple
കോതാമ്മൂരിയാട്ടം.
തുലാമാസത്തിലാണ് (ഒക്ടോബർ-നവംബർ) പ്രധാനമായും ഈ കലാരൂപം അവതരിപ്പിക്കാറുള്ളത്. നാടിന് ഐശ്വര്യവും കാർഷിക സമൃദ്ധിയും ഉണ്ടാകാൻ വേണ്ടിയാണ് വീടുകളിൽ ഈ അനുഷ്ഠാനം നടത്തുന്നത്.
ഉത്തരകേരളത്തിൽ പ്രത്യേകിച്ചും കോലത്തുനാട്ടിൽ നിലനിന്നിരുന്ന ഒരനുഷ്ഠാനകലയാണ് കോതാമ്മൂരിയാട്ടം അഥവാ കോതാരിയാട്ടം.
കോലത്തുഗ്രാമങ്ങളിൽ തുലാം, വൃശ്ചികമാസങ്ങളിലായി തെയ്യംകലാകാരന്മാരായ മലയസമുദായക്കാർ ആണു ഈ നാടോടിനൃത്തകല ആടിയിരുന്നത്.
ഊർവരതാനുഷ്ഠാനങ്ങളുമായി ഏറെ അടുത്തു നിൽക്കുന്ന കോതാമ്മൂരി ഒരു വീടോടി കലാരൂപമാണ്.
ഗ്രാമത്തിലെ പ്രധാന ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന കോതാമ്മൂരി ആ പ്രദേശത്തെ വീടുകളിലെല്ലാം പോവുകയും അവിടെ കോതാമ്മൂരിയാട്ടം നടത്തുകയും പതിവാണ്.
നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന നാടൻ കലാരൂപങ്ങളിലൊന്നാണിത്.
ഐതിഹ്യം
സ്വർഗ്ഗത്തിൽനിന്നും ഐശ്വര്യം വർദ്ധിപ്പിക്കാനായി ഇന്ദ്രന്റെ നിർദ്ദേശപ്രകാരം ഭൂമിയിലേക്ക് വന്ന കാമധേനുവിന്റെയും അനുചരന്മാരുടെയും അനുഗ്രഹകഥകളാണ് അടിസ്ഥാനം.
കോതാരി എന്നാൽ കാമധേനു തന്നെയെന്നാണ് വിശ്വാസം.
ശ്രീകൃഷ്ണസ്തുതിയിൽനിന്നും തുടങ്ങി തൃച്ചംബരത്തപ്പൻ, അഗ്രശാലാമാതാവ് എന്നിവരേയും സ്തുതിയ്ക്കുന്നു.
ഈ കലയിലെ മുഖ്യഭാഗം പനിയരെന്ന വേഷങ്ങൾക്കാണ്.
ഹാസ്യാത്മകവേഷം കൈകാര്യം ചെയ്യുന്നത് ഇവരാണ്.
കോതാരിപ്പശുവിന്റെ പരിചാരകരാണത്രേ പനിയന്മാർ.
ആദ്യവസാവേഷക്കരാണ് ഇവർ.
ഗൃഹനായകനേയും നായികയേയും സ്തുതിച്ച് പുകഴ്ത്തി സ്വാധീനിച്ച് പ്രതിഫലത്തുക വാങ്ങുക എന്നതാണ് ഇവരുടെ കടമ.
എന്തുംപറയാനുള്ള ഇവരുടെ സ്വാതന്ത്ര്യം കണ്ണാമ്പാള കെട്ടിയ പനിയന്മാരെപ്പോലെ എന്നൊരു ശൈലിയ്ക്ക് വഴിവെച്ചു.
വരുന്ന വർഷത്തേയ്ക്കുള്ള അനുഗ്രഹാശിസ്സുകൾ നൽകുന്നതാണ് വാണാളും വർക്കത്തും - മെച്ചപ്പെട്ട നാളുകളും സമ്പത്തും-പറയൽ.
ഇതിനു വേണ്ടി പ്രത്യേകം അരിയോ നെല്ലോ ഇവർ ചോദിച്ചുവാങ്ങും.
ചടങ്ങുകളും രീതിയും വേഷവിധാനവും
കോതാരിയാട്ടത്തിൽ കോതരിയ്ക്ക് പുറമേ രണ്ട് പനിയന്മാരും ഒരു കുരിയ്ക്കളും ഒന്നോരണ്ടോ വാദ്യക്കാരും ഉണ്ടാകും.
കോതാരി വേഷം കെട്ടുന്നത് ഒരു ആൺകുട്ടി ആയിരിക്കും.
തലയിൽ ചെറിയ കിരീടം വെച്ച് , മുഖത്ത് ചായം തേച്ച് , കണ്ണെഴുതി, അരയിൽ കോതാരിത്തട്ട് ബന്ധിക്കുന്നു.
കോതാമ്മൂരി പാട്ട്
മുഖ്യമായി ചെറുകുന്നിലമ്മയുടെ ചരിതം കോതാമ്മൂരി പാട്ടിലെ പ്രധാനപാട്ടാണ്.
ആരിയൻ നാട്ടിൽ പിറന്നോരമ്മകോലത്ത് നാട് കിനാക്കണ്ടിന് എന്നു തുടങ്ങി ചെറുകുന്നത്തമ്മയുടെ കഥ പറയുന്നതാണീ പാട്ട്.
ചെറുകുന്നിലമ്മ കൃഷിയുമായി വളരെ ബന്ധമുള്ളൊരു ഗ്രാമീണദേവതയായാണ് കണക്കിലാക്കപ്പെടുന്നത്.
കോലത്തിരിമാരുടെ കുലദേവതയുമാണ്.
പാപ്പിനിശ്ശേരി മുതൽ ചെറുകുന്ന് വരെ നീണ്ടുകിടക്കുന്ന കോലത്തുവയൽ ഈ അമ്മയുടേതാണ്.
ഈ പാട്ടുകൾ കൂടാതെ മാടായിക്കാവിലമ്മയെയും തളിപ്പറമ്പത്തപ്പനെയും കുറിച്ചുള്ള പാട്ടുകളും വിത്തു പൊലിപ്പാട്ട്, കലശം പൊലിപ്പാട്ട് എന്നിവയും പാടും. വിവിധ വിത്തിനങ്ങളുടെ പേരു പറഞ്ഞു ആ വിത്തെല്ലാം ‘നിറഞ്ഞു പൊലിഞ്ഞു വരേണ’മെന്നാണ് ഈ പാട്ടുകളിലുള്ളത്.
എന്തെല്ലാം നെല്ല് പൊലിക,
ചെന്നെല്ല് വിത്ത് പൊലിക പൊലി എന്നു തുടങ്ങി
പതിനെട്ടു വിത്തുമേ പാടിപ്പൊലിപ്പാൻ
ഭൂമിലോകത്തിതാ കീഞ്ഞേൻ
ആലവതുക്കലും വന്നാ
ഗോദാവരിയെന്ന പശുവോ -എന്നാണ് പൊലിപ്പാട്ടിലുള്ളത്.
മദ്യമെടുക്കുന്നതിന്റെ വിശദാംശങ്ങളെ വർണ്ണിക്കുന്ന പാട്ടാണ് കലശം പൊലിപ്പാട്ട്. കലശം(മദ്യം) മനുഷ്യർക്കും ദേവതകൾക്കും ഒരുപോലെ പ്രിയപ്പെട്ടതു തന്നെ.
കളിയാടോൻ കളിയാടോൻ കളിയാടോൻ കല്ലേകളിയാടോൻ
കല്ലിന്റെ കീഴ ചുമട്ടിൽ എന്നു തുടങ്ങി
ആർക്കെല്ലാം വേണം
കലശം തൊണ്ടച്ചൻ ദൈവത്തിന്നും വേണം
കലശം മുത്തപ്പൻ ദൈവത്തിനും വേണം
കലശം പൊട്ടൻ ദൈവത്തിനും വേണം
കലശം നാടും പൊലിക നഗരം പൊലിക കള്ളും പൊലിക കലശം പൊലിക - എന്നാണ് ഈ പൊലിപ്പാട്ട് അവസാനിപ്പിക്കുന്നത്.