തോറ്റം, വെള്ളാട്ടം, ഇളംകോലം തെയ്യങ്ങൾ.



Stories of Kerala Temple
തോറ്റം, വെള്ളാട്ടം, ഇളംകോലം തെയ്യങ്ങൾ.

പ്രധാന തെയ്യം കെട്ടിയാടുന്നതിന് മുൻപുള്ള പ്രധാനപ്പെട്ട മൂന്ന് അവതരണ രീതികളാണ് തോറ്റം, വെള്ളാട്ടം, ഇളംകോലം എന്നിവ. ഇവ തമ്മിലുള്ള വ്യത്യാസങ്ങൾ താഴെ പറയുന്നവയാണ്


തോറ്റം

ഒരു ദേവതയെ ആവാഹിച്ചുവരുത്തുന്ന പ്രാരംഭ ചടങ്ങാണിത്.

കോലക്കാരൻ ചെറിയതോതിൽ വേഷമണിഞ്ഞു ദേവത സങ്കല്പത്തിനുമുന്നിൽ പാട്ടുപാടി ചെണ്ടകൊട്ടി തെയ്യത്തിന്റെ ചെറിയ പതിപ്പായ മുഖത്തെഴുതാതെ, പട്ടും തലപാള്ളിയും കെട്ടി, അരയിൽ ചുകന്ന പട്ടും ഉടുത്തു, സ്ഥാനത്തുനിന്ന് കൊടുക്കുന്ന ചന്ദനവുമണിഞ്ഞു, വാദ്യം കൊട്ടി അവസാനിപിക്കുന്നതാണ് തോറ്റം എന്നുപറയുന്നത്.
കൊടിയിലതോറ്റം  കൊടിയിലാവാങ്ങി പിന്മാറും.
ഉച്ചതോറ്റം ഉറഞ്ഞുതുള്ളില്ല.
എന്നാൽ അന്തിത്തോറ്റം ഉറഞ്ഞാടും.

വെള്ളാട്ടം

ദേവതാചൈതന്യം വെളിവാക്കുന്ന നർത്തനമാണ് വെള്ളാട്ടം.
തോറ്റത്തെക്കാൾ വേഷഭൂഷകളും ഉടയാടകളും മുഖത്തെഴുത്തും വെള്ളാട്ടത്തിൽ ഉണ്ടാകും.
തോറ്റം പാട്ടും ഉണ്ടാകും.
സ്ത്രീകോലങ്ങൾക്കു വെള്ളാട്ടം പതിവില്ല.
എല്ലാ പുരുഷദേവതകൾക്കും ചിലതിനു മാത്രമേ വെള്ളാട്ടമുള്ളു.
തൊണ്ടച്ചൻ, വേട്ടക്കാരുമാകാൻ, ഉർപഴശ്ശി,  ബാലീ, കണ്ടനാർകേളൻ കുരിക്കൾ, പുലികണ്ടൻ എന്നിവഉദാഹരണം.

ഇളംകോലം

രൂപപൊലിമ പൂർത്തിയാകാത്ത തെയ്യത്തിന്റെ ചെറിയ രൂപം.
തെയ്യത്തിന്റെ തലേന്നാൾ സന്ധ്യക്കാണ്‌ ചെറിയ മുടി യോഡുകൊടിയ ഇളംകോലം പുറപ്പെടുക.
തായിപരദേവത, ക്ഷേത്രപാലകൻ, പാലപ്പുറത്തുഭാഗവതി, തുടങ്ങിയ  തെയ്യങ്ങൾക്ക് മാത്രമേ ഇളംകോലം പതിവുള്ളു.

പൂർണമായ വേഷഭൂഷാദികളോട് കൂടി അരങ്ങേറാനിരിക്കുന്ന തെയ്യത്തിന്റെ ശക്തി വിശേഷങ്ങളും അവതാരഉദ്ദേശകഥകളും പാടിയുണർത്തി ഉറഞ്ഞാടുന്ന ദൈവക്കോലമാണ് വെള്ളാട്ടം അഥവാ ഇളംകോലം.


ചില തെയ്യങ്ങളുടെ വെള്ളാട്ടത്തിൽ, തെയ്യത്തിനെപ്പോലെ തന്നെ  കലാശവും, നൃത്തവും, തോറ്റം പാട്ടിനോടൊപ്പം ഉണ്ടാകാറുണ്ട്. 
ചില വിശേഷപ്പെട്ട തെയ്യങ്ങൾക്ക് രണ്ടും മൂന്നും ദിവസങ്ങൾ നീണ്ട തോറ്റം ഉണ്ടാകാറുണ്ട്.
ആകാശം മുട്ടുന്ന നീളൻ മുടിയും, തീപ്പന്തം ആളിക്കത്തുന്ന തിരുവൊടയും,  പൂർണമായ വേഷഭൂഷാദികളോടെയും എത്തുന്ന തെയ്യത്തിനു തോറ്റം ചൊല്ലി ആടുക സാധ്യമല്ല.
പ്രസ്തുത തെയ്യത്തിന്റെ ഭാവരൂപ മഹിമകൾ ഒന്നുകൂടി ഉരുക്കഴിക്കാനും ഭക്തരിലേക്ക് എത്തിക്കാനും,  ദൈവമാഹാത്മ്യ സന്ദേശം പകരാനും വേണ്ടി തെയ്യത്തിനു മുൻപേ അതാതു തെയ്യത്തിന്റെ വെള്ളാട്ടം കെട്ടിയാടുന്നു.
( ഇളം കോലങ്ങൾ എന്നുകൂടി അറിയപ്പെടുന്നു ) യഥാർത്ഥ തെയ്യക്കോലങ്ങൾ കെട്ടുന്നതിനു മുൻപ് ഈശ്വര ചിന്തയിൽ മുഴുകി,   തോറ്റ വേഷം ധരിച്ചു,  തോറ്റം പാട്ടിലൂടെ ക്ലേശകരമായ തിരുമുടി ചൂടി ആടുവാനുള്ള മനോബലം നേടുവാൻ ഈ വെള്ളാട്ടക്കോലങ്ങൾ  ധരിക്കുന്നതുമൂലം കോലക്കാരൻ നേടിയെടുക്കുന്നു.
ഇന്നിവിടെ  നിങ്ങൾക്ക് മുന്നിൽ മാതൃ ഭാവത്തിൽ ഉള്ള തെയ്യങ്ങളുടെ ഇളംകോലങ്ങളെക്കുറിച്ച് എഴുതാൻ ആഗ്രഹിക്കുന്നു.
ദാരിക അന്ത കിയായ  മഹാകാളിയുടെ സങ്കൽപ്പമാണ് മിക്ക അമ്മ തെയ്യങ്ങൾക്കും ഉള്ളത്.
പുരുഷനാലോ, പകലോ രാത്രിയോ  താൻ വധിക്കപ്പെടരുതെന്ന വരം പരമശിവനാൽ നേടിയ  ദാരികാസുരൻ  അഹങ്കാരിയും ത്രൈലോക്യ ജേതാവുമായി സംഹാര താണ്ഡവമാടി.
സഹികെട്ട ദേവകളും ഋഷികളും മഹാദേവനോട് സങ്കടം പറയുകയും ഭഗവാന്റെ മൂന്നാം തൃക്കണ്ണിൽ നിന്ന് സംഹാര രുദ്രയായ മഹാകാളി ജന്മമെടുക്കുകയും ചെയ്തു.
ദാരിക നിഗ്രഹണത്തിനായിബാലികാഭാവത്തിൽ ദാരികകോട്ടയിൽ എത്തി ദാരിക പത്നിയെ സമീപിക്കുന്നത് മുതലുള്ള സാങ്കൽപ്പിക  നടനഭാഗമാണ് ഇളംകോലം സൂചിപ്പിക്കുന്നത്.


ദാരിക വധം ത്രിസന്ധ്യ നേരത്താണെന്ന് സങ്കൽപ്പിച്ചു ഈ ഇളംകോലവും സന്ധ്യക്കാണ് പുറപ്പെടുന്നത്.
ഇളംകോലപാച്ചിൽ, ഇളം കോല തിരിച്ചിൽ  എന്നിവ വളരെ പ്രധാനപ്പെട്ടതാണ്.
എട്ട് ദിക്കും വിറപ്പിച്ചുകൊണ്ട് സംഹാര താണ്ടവമാടിയ  ദേവിയുടെ ശക്തിയും രൗദ്രതയും സൂചിപ്പിക്കുന്നതാണ് ഈ തിരിച്ചിലും പാച്ചിലും.
കാവുകളെ മൂന്നു വലം വെക്കുന്നതിനെ മൂന്നു ലോകങ്ങളും വലം വെക്കുന്നതാണ് എന്നും പിതാവായ മഹാദേവനെ വലം വെക്കുന്നതാണ് എന്നും വ്യാഖ്യാനമുണ്ട്.
18കൂട്ടം കലാശങ്ങളാണ് ഉള്ളത്. അതുപോലെ ഒൻപത് തിരിച്ചലും.
ശക്തമായ ഈ തിരിച്ചലുകളിൽ ദേവി ഉഗ്രരൂപിണിയായി മാറുന്നത് സൂചിപ്പിക്കുന്നു.
18ആയുധകലകൾ പഠിച്ചിട്ടാണ് ദേവി ദാരികവധത്തിനു പ്രാപ്തയാകുന്നത്. പതിനെട്ടാമത്തെ ആയുധം കയ്യേറികഴിഞ്ഞാൽ ദേവി ദാരികനിഗ്രഹത്തിനു തയ്യാറെടുത്തു എന്ന് അനുമാനിക്കാം.
നേരത്തേ തയ്യാറാക്കി വച്ചിട്ടുള്ള  കുലച്ചവാഴ  ദാരികന്റെ പ്രതീകമാണ്.
ദാരികനുമായുള്ള യുദ്ധത്തെ സൂചിപ്പിച്ചുകൊണ്ട് പല തവണ വഴക്കുല വെട്ടാൻ ശ്രമിക്കുമെങ്കിലും പതിനെട്ടാമത്തെ ആയുധം കയ്യേറിയ ശേഷം ദാരികന്റെ തല വെട്ടുന്ന സങ്കൽപ്പത്തിൽ കുല വെട്ടുന്നു.
പല ക്ഷേത്രങ്ങളിലും  കോലക്കാരന്റെ മനോധർമമനുസരിച് വ്യത്യസ്തമായ ഇളംകോലങ്ങൾ കെട്ടിയാടപ്പെടുന്നു.
ഇളംകോലം കാഴ്ചക്കാരനിൽ ഭക്തിയും വിസ്മയവും ജനിപ്പിക്കുമെന്നുറപ്പ്.
പിറ്റേന്ന്  രൗദ്രഭാവം മാറ്റി സാത്വികഭാവത്തിൽ  കോലസ്വരൂപത്തിങ്കൽ തായി ( മാതൃഭാവം ) ആയി  ഭക്തരെ അനുഗ്രഹിക്കുന്നു.

 






WhatsAppShare
Share
Top